കൃഷ്ണകുമാര്‍ അതിസമര്‍ത്ഥനും പ്രശസ്തനും ആകുമെന്ന് അവന്‍റെ അച്ഛന്‍ അച്ചുതന്‍ നായര്‍ക്ക് ഉറപ്പായിരുന്നു. അല്ലെങ്കില്‍ പിന്നെ ജനിച്ചപ്പോള്‍, കൃഷ്ണകുമാറിന്‍റെ മുതുകില്‍ ഉണ്ടായിരുന്ന പപ്പടത്തിന്‍റെ വലിപ്പമുള്ള ആ കറുത്ത മറുക് കണ്ട് വയറ്റാട്ടി പറൂമ്മ ഉറക്കെ നിലവിളിച്ചപ്പോള്‍, മോഹാലസ്യപ്പെട്ട ഭാര്യ ശാരദാമ്മയെ ശ്രദ്ധിക്കാതെ അയാള്‍ ചിരിച്ചുകെണ്ടിരുന്നത് എന്തിനാണ്?
ഭാര്യയുടെയും സ്വന്തം കുഞ്ഞിന്‍റെയും ദൈനംദിന കാര്യങ്ങളില്‍ താന്‍ ഇടപെട്ടാലും ഇല്ലെങ്കിലും, വിധിയും, മുന്‍ജന്മസുകൃതവും, പൂര്‍വികരുടെ സല്‍കര്‍മ്മങ്ങളുടെ ഫലത്താലും എല്ലാം ശുഭകരമായിത്തീരുമെന്ന് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായ അച്ചുവേട്ടനറിയാമായിരുന്നു. തന്‍റെ മകന്‍ മഹാനാകുമെന്ന് ഉറപ്പിക്കാന്‍ വന്ന കണിയാന്‍ ഗോവിന്ദപ്പണിക്കര്‍ ജാതകം മുഴുമിക്കാതെ, അവസാനത്തെ രണ്ടു താളുകള്‍ ബാക്കി വച്ച് കസാലയില്‍ നിന്നു വീണ് പക്ഷപാതം പിടിപെട്ട് കിടപ്പിലായത് കൃഷ്ണകുമാറിന്‍റെ ജാതകം കുറിക്കുന്നതിനിടയിലാണെങ്കിലും, അത് ഗോവിന്ദപ്പണിക്കരുടെ ജാതകദോഷം കൊണ്ടാണെന്ന് അച്യുതന്‍ നായര്‍ സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പികുകയും ചെയ് തു.
ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അസുലഭ നവഗ്രഹ നക്ഷത്ര സംയോജന മുഹൂര്‍ത്തത്തില്‍ പുത്രന്‍ ജനിച്ച അച്യുതന്‍ നായര്‍, ആ മഹാഭാഗ്യതിന്‍റെ ചിഹ്നമായ ആ വലിയ മറുക് നോക്കി മണിക്കൂറുകളോളം ഇരുന്ന് ചിരിച്ചു. കൃഷ്ണകുമാറിനെ സന്ദര്‍ശിക്കാന്‍ വന്ന സ്ത്രീകളും കുട്ടികളും അച്ചുവേട്ടന്‍റെ കൂടെയിരുന്ന് ചിരിച്ചു. ഒരു പക്ഷെ ആ ചിരി കേട്ടിട്ടായിരിക്കും കൃഷ്ണകുമാര്‍ ഒരിക്കലും കരയാതിരുന്നത്. ജനിച്ച നിമിഷം മൂന്ന് തവണ കരഞ്ഞതല്ലാതെ അവന്‍ കരയുന്നത് പിന്നീട് ആരും കണ്ടിട്ടില്ല. കൃഷ്ണകുമാര്‍ അവന്‍റെ അച്ഛനെ പോലെ ചിരിച്ചുകൊണ്ടിരുന്നു, ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടാന്‍ ഒരുമ്പിടുന്ന ഒരു സമര്‍ത്ഥനായ നവജാത ശിശുവിനെ പോലെ.
ഓരോ ദിവസം കഴിയും തോറും കൃഷ്ണകുമാറിന്‍റെ മറുക് വലുതായിക്കൊണ്ടിരുന്നു. വൃത്താകൃതിയിലുള്ള ആ മറുക് വാല്‍മാക്രിയുടെ രൂപത്തിലേയ്ക്ക് രൂപാന്തരം പ്രാപിക്കുന്നത് ആരും കാര്യമായി എടുത്തില്ല. അതിന്‍റെ വാല്‍ അവന്‍റെ ആസനം ലക്ഷ്യമാക്കി ഒരു അമ്പ് പോലെ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. അവന്‍റെ വെളുത്ത ശരീരത്തിലെ കറുത്ത മറുക് ശരീരം മൊത്തം പടര്‍ന്ന്, കൃഷ്ണകുമാര്‍ മറുകിന്‍റെ ഉള്ളില്‍ ജീവിക്കുന്ന ഒരു മനുഷ്യനായിതീരുമെന്നു വായനശാലയില്‍ ഇരുന്ന് നാട്ടിലെ പ്രധാന ബുദ്ധിജീവികളും നിരീക്ഷകരും പ്രവചിച്ചു. അവനെ കാണാന്‍ വന്ന കുട്ടികള്‍ വാല്‍മാക്രി എന്ന് അവനെ വിളിച്ചെങ്കിലും മറുകന്‍ എന്നാണ് പിന്നീട് അവന്‍ അറിയപ്പെട്ടത്.
കൃഷ്ണകുമാര്‍ ജനിച്ച് അമ്പത് ദിവസം തികയുന്ന ദിവസം അച്ചുവേട്ടന്‍ അവന്‍റെ മറുക് നോക്കി ചിരിച്ചുകൊണ്ടിരിക്കെ ഹൃദയം പൊട്ടി മരിച്ചു. ഒരു പക്ഷെ ആ ഹൃദയത്തിനു താങ്ങാവുന്നതിലുമധികം സന്തോഷം അതില്‍ നിറഞ്ഞിരിക്കണം. അച്ഛന്‍റെ ചിരി ആ വീട്ടില്‍ പിന്നീട് മുഴങ്ങിയില്ലെങ്കിലും, കൃഷ്ണകുമാര്‍പഴയപടി ചിരിച്ചുകൊണ്ടിരുന്നു.
ചിരിച്ചുകൊണ്ട് ജീവിച്ച കൃഷ്ണകുമാറിന്‍റെ ജീവിതത്തില്‍ കാലം തീരെ തിരക്ക് കാണിക്കാതെ നീങ്ങിക്കൊണ്ടിരുന്നു. സ്കൂളില്‍ അവന്‍റെ മറുകിനെപ്പറ്റി അറിയാവുന്നവരും അറിയാത്തവരും അവനെ 'മറുകാ' എന്നു വിളിച്ചു. കൃഷ്ണകുമാര്‍ എന്ന പേര് സ്കൂളിലെ രജിസ്റ്റര്‍ ബുക്കില്‍ മാത്രം ഒതുങ്ങിക്കൂടി. കഴുത്തിന് വട്ടം കുറഞ്ഞ ബനിയനും അതിന്‍റെ മുകളില്‍ കട്ടിയുള്ള കോട്ടന്‍ ഷര്‍ട്ടും ധരിച്ച് ആരും കാണാതെ അവന്‍ അവന്‍റെ മറുക് ഒളിപ്പിച്ചു വച്ചു. ഭൂതം മറ്റാരുടെയോ നിധി കാക്കുന്നതുപോലെ. അവന്‍റെ പിന്നിലെ സീറ്റില്‍ ഇരിക്കാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിച്ചു. എണീക്കുമ്പോഴും കുനിയുമ്പോഴും പൊങ്ങിയിരിക്കുന്ന ഷര്‍ട്ടിന്‍റെ ഇടയിലൂടെ അവന്‍റെ മറുക് കാണാന്‍ അവര്‍ ക്ഷമയോടെ കാത്തിരുന്നു.
കൃഷ്ണകുമാറിനെ സംബന്ധിച്ചിടത്തോളം അവന്‍റെ പുറത്തെ മറുകിനെക്കാള്‍ അധികം, ഉള്ളില്‍ മുളച്ചു വടവൃക്ഷമായ അപകര്‍ഷതാബോധം അവന്‍റെ ആത്മവിശ്വാസത്തെ കാര്‍ന്നു തിന്നുകൊണ്ടിരുന്നു. അല്ലെങ്കില്‍ എന്തിനവന്‍ അവന്‍റെ പ്രാണനുതുല്ല്യം സ്നേഹിച്ച പെണ്ണിനോട് അവന്‍റെ പ്രേമം അറിയിക്കാന്‍ മടികാട്ടി? അമ്പലത്തിലും സ്കൂളിലും എല്ലായിടത്തും ഒന്നിച്ചുപോകുന്ന തന്‍റെ കളിക്കൂട്ടുകാരി ശാലിനി, അവളറിയാതെ ഗാഢമായി സ്നേഹിച്ച കൃഷ്ണകുമാറിന്, അവന്‍റെ സ്നേഹത്തിന്‍റെ തിരസ്കരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. "എന്‍റെ മറുകിനെ അവള്‍ സ്വീകരിക്കുമോ അതോ വെറുക്കുമോ?" അവന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ശാലിനി തന്‍റെ മറുക് കാണുവാന്‍ പലതവണ കെഞ്ചിയിട്ടുണ്ടെങ്കിലും അത് കാണിക്കാനുള മനോധൈര്യം കൃഷ്ണകുമാറിന് ഇല്ലായിരുന്നു. തനിക്കവളെ നഷ്ടപ്പെടുമോ എന്നുള്ള ചിന്ത അവനെ ഓരോ നിമിഷവും ഭയപ്പെടുത്തികൊണ്ടിരുന്നു. അവന്‍ അവളുടെ കൊഞ്ചലിനു മുന്നില്‍ ചിരിച്ചുകൊണ്ടിരുന്നു. ഉള്ളിലെ സങ്കടങ്ങള്‍ പുറത്തു കാട്ടാന്‍ വയ്യാത്ത ഒരു പാവം മറുകനായി.
സര്‍ക്കാര്‍ സ്കൂളിന്‍റെ മുന്നിലെ മേല്‍ക്കൂര പോയ ബസ്-സ്റ്റോപ്പിന്‍റെ മുന്നില്‍ പഴകിപ്പോളിഞ്ഞ K . S . R . T . C . ബസ് സഡന്‍ ബ്രേക്ക് ഇട്ട് അക്ഷമയോടെ വന്നു നിന്നു. മനസ്സ് എവിടെയോ കളഞ്ഞു പോയ ഒരുവനെപ്പോലെ, ഓര്‍മകളുടെ കനത്ത ഇരുമ്പുചങ്ങലയിട്ട കാലുകളുമായി വളരെ സാവധാനം കൃഷ്ണകുമാര്‍ ബസില്‍ നിന്നും ഇറങ്ങി തുരുബെടുത്ത ബസ്-സ്റ്റോപ്പ് സൈനിന്‍റെ പോസ്റ്റില്‍ ഒരു നിമിഷം പിടിച്ചു നിന്നു. മൂന്നോ നാലോ നട്ടും ബോള്‍ട്ടും ഉപേക്ഷിച്ച് വഴിപോക്കരുടെയും നാട്ടുകാരുടെയും സ്വസ്ഥത കെടുത്തിക്കൊണ്ട് ബസ് അതിന്‍റെ പ്രയാണം തുടര്‍ന്നു.
വഴി കുറുകെ കടക്കുന്നതിനിടെ കൃഷ്ണകുമാര്‍ സ്കൂളിലേയ്ക്കും കമ്മുണിസ്റ്റ്‌പച്ചകൊണ്ട് കാടുപിടിച്ച അതിന്‍റെ പരിസരത്തേയ്ക്കും ഒന്ന് കണ്ണോടിച്ചു. "മൊത്തം പൊട്ടിപൊളിഞ്ഞു കാടുകയരിയിരിക്കുന്നു". അവന്‍റെ മുഖത്ത് നിഴലിച്ചത് നിര്‍വികാരതയോ അതോ പുച്ഛഭാവമാണോ എന്നു തിരിച്ചറിയാന്‍ പറ്റില്ലായിരുന്നു. ചുറ്റിലുമുള്ള മരങ്ങളും കുറ്റിചെടികളും വളര്‍ന്നു വലുതായതിനാലാവണം സ്കൂളിന്‍റെ മുന്നിലെ മൈതാനം അവന് ചുരുങ്ങിപ്പോയതുപോലെ തോന്നി.
ഷേവ് ചെയിതിട്ട് രണ്ടു ദിവസമായതിനാലുള്ള അസ്വസ്ഥതയോ അതോ മനസ്സില്‍ ഇരമ്പുന്ന മഴക്കോളിന്‍റെ പ്രകമ്പനമോ? അവന്‍ ഇടയ്ക്കിടെ താടി തടവുകയും, ഇടത്തേ അണപ്പല്ലുകള്‍ അമര്‍ത്തി മുഖം ചൊറിയുന്നുമുണ്ടായിരുന്നു.
"നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും.... ഒരിക്കലും വരരുതെന്ന് കരുതിയ നാട്"
ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്ത് സ്കൂളിനെ ലക്ഷ്യമാക്കി അവന്‍ സാവധാനം നടന്നു. അവന്‍റെ ഓര്‍മ്മകള്‍ അവന്‍റെ അനുവാദമില്ലാതെ പൂര്‍വകാലത്തേയ്ക്ക് മടങ്ങിക്കൊണ്ടിരുന്നു. അത് ചിത്രങ്ങളായി അവന്‍റെ മനസ്സിന്‍റെ കാന്‍വാസില്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു.
താന്‍ സ്കൂള്‍ വിട്ടോടിയ ആ ദിവസം. സ്വയം ഇയാംപാറ്റയെ പോലെ വെന്തുവെണ്ണീറായ ദിവസം. പിന്നീടെന്നും ഒരമര്‍ഷമായി മനസ്സിനെ നോവിച്ച ഗ്രാമം...
എല്ലാം നേടി, സ്വപ്നങ്ങളേക്കാളേറെ.. അതിലുമപ്പുറം. ഓരോ നിമിഷവും കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന സ്വത്ത്, പ്രശസ്തി. ദൈവത്തെപ്പോലെ തന്നെ കാണുന്ന മുമ്പേ നഗരത്തിലെ പ്രമാണിമാര്‍. നൂറു കണക്കിന് കമ്പനികളില്‍ പാര്‍ട്നെര്‍ഷിപ്. എന്‍റെ കൈപ്പുണ്യത്തില്‍ കോടീശ്വരന്മാരായ എത്ര എത്ര പേര്‍! എല്ലാം എനിക്ക് മുന്നില്‍, എന്‍റെ ഭാഗ്യമായി എന്‍റെ മറുകിന്‍റെ ശക്തിയെ കാണിച്ച ആ മീന്‍കാരി. കള്ളിമുണ്ടും ചുവന്ന ബ്ലൌസുമിട്ട് മാറ് മറക്കാതെ എന്നും ചിരിച്ചുകൊണ്ട് മീന്‍ തരുന്ന ആ മീന്‍കാരി. പൂര്‍ത്തിയാക്കാത്ത തന്‍റെ ജാതകത്തിലെ എഴുതാത്ത താളുകളില്‍ നിറങ്ങളുള്ള സൌഭാഗ്യത്തിന്‍റെ അക്ഷരങ്ങള്‍ നിറച്ചവള്‍. എന്‍റെ വിജയത്തിന്‍റെ വഴികാട്ടി. ആദ്യമായി തന്‍റെ മറുകിന്‍റെ ഭാഗ്യം തിരിച്ചറിഞ്ഞ മിടുക്കി. അവള്‍ എവിടെയായിരിക്കും? തന്‍റെ തിരോധാനം ഏറെ നിരാശപ്പെടുത്തിയത് അവളെയായിരിക്കും. ഓര്‍മ്മകള്‍ തിങ്ങിക്കൂടിയ മനസ്സുമായി കൃഷ്ണകുമാര്‍ ഓരോന്നും ആലോചിച്ചുകൊണ്ടിരുന്നു.
വളരെ യാദൃശ്ചികാമായിട്ടാണ് ശോഭ എന്ന മീന്‍കാരി കൃഷ്ണകുമാറിന്‍റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. ശരിക്കും പറഞ്ഞാല്‍, കൃഷ്ണകുമാറിന്‍റെ സംഭവബഹുലമായ ഇതുവരെയുള്ള ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോകുമ്പോള്‍ ശോഭയുടെ ജീവിതത്തിലേയ്ക്ക് കൃഷ്ണകുമാര്‍ വന്നു പെട്ടത് എന്നുപറയുന്നതാവും ശരി.
മഞ്ഞുതുള്ളിയും മഴക്കാറും മറന്നു പോയ ഒരു വേനല്‍ പ്രഭാതത്തില്‍, അലിയാതവശേഷിക്കുന്ന നാലഞ്ച് ഐസ് കഷണങ്ങള്‍ മാത്രം ബാക്കിയുള്ള മീന്‍ കൊട്ടയുമായി ബ്രേക്ക് ഡൌണ്‍ ആയ ബസ്സില്‍നിന്നും ഇറങ്ങുമ്പോള്‍ ശോഭയുടെ മനസ്സില്‍ കത്തിക്കയറാന്‍ നില്‍ക്കുന്ന സൂര്യനെക്കാള്‍ ആധിയും ചൂടുമായിരുന്നു.
"നൂറ്റുക്ക്-പത്ത് വട്ടിപ്പലിശക്കെടുത്ത മീനാ... പലിശയും കൂട്ടുപലിശയും കൂടി ഇപ്പൊ എത്ര ആയി എന്തോ? കണ്ണിച്ചോരയില്ലാത്ത പലിശ ദിവാകരന്‍, അവന്‍റെ ഒരു നോട്ടം.. തള്ളിയ പല്ലുമായി ഇളിച്ചുനില്കുന്ന കഴുകന്‍.. ""
ദേഷ്യത്തില്‍ അവള്‍ നിലത്ത് വലത്ത് കാലുകൊണ്ട് ആഞ്ഞു ചവിട്ടി.
"ആ തെണ്ടികളോട് അഞ്ചാറ് ഐസൂടെ ഇടാന്‍ പറഞ്ഞതാ.."
ദേഷ്യത്തോടെ അവള്‍ മാറത്തുകിടന്ന തോര്‍ത്ത് ചുരുട്ടി ചുമ്മാടാക്കി ജീവിതഭാരം താങ്ങാന്‍ കെല്‍പ്പില്ലാത്ത തലയില്‍ മീന്‍കൊട്ട വച്ച് ആദ്യം കണ്ട വീട്ടിലേയ്ക്ക് കയറി.
"ചാച്ചീ.. മീം.. വേണ്ടേ നല്ല പെടക്കണ മീനാ.."
കീറിയ ട്രൌസര്‍ ഇട്ട് ഉന്തിയ വയറും, നെഞ്ചുംകൂടില്‍ ഒരു തരി ദശ പോലും ഇല്ലാത്ത പയ്യന്‍ വന്ന പാടേ
"ഞാന്‍ അമ്മോട് ചോദിക്കട്ടെ..." അവന്‍ അകത്തോട്ടു തിരിഞ്ഞു.
"ആയിയ്യോ ന്‍റെ..അമ്മോ .. ചെറകന്‍റെ മുതുകത്തൊരു മുഴുത്ത 'തെരണ്ടി'....." അവളുടെ അലര്‍ച്ച കേട്ട് അവന്‍ തിരിഞ്ഞു നോക്കി ശോഭ ആകെപ്പാടെ ഒന്ന് പരുമ്മി, ഒരു ചമ്മിയ ചിരി. അവന്‍ അവളുടെ കണ്ണുകളിലെ നനവിന്‍റെ തിളക്കം കണ്ടു.
അവന്‍ ചിരിച്ചൂ…
അവളും ചിരിച്ചൂ..
അവന്‍ പൊട്ടിച്ചിരിച്ചു. അവളും പൊട്ടിച്ചിരിച്ചു. അവനും അവളും ചിരിച്ചുകൊണ്ടിരുന്നു. അവളുടെ കൊട്ടയിലെ അവസാന ഐസ്-ഉം വെള്ളത്തുള്ളികളായി ഒരു ചത്ത മീനിന്‍റെ തുറന്ന ചെകിളയിലെയിക്ക് കയറി അപ്പ്രത്യക്ഷമായി. മീന്‍ വാങ്ങി പൈസ കൊടുക്കുമ്പോഴും അവനും അവളും പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു. ഭാരിച്ച കൊട്ട തലയില്‍ വയ്ക്കാന്‍ സഹായിച്ച്, ചന്തിയും കുലുക്കി പോകുന്ന അവളെ അവന്‍ നോക്കി നിന്നു.
"തെരണ്ടി പുറത്തുള്ള ചെക്കന്‍ എന്‍റെ ഭാഗ്യമാ" അവള്‍ എല്ലാവരോടും പറഞ്ഞു.
"അവന്‍റെ അടുത്തുന്നു കച്ചവടം തുടങ്ങിയാ തിരിഞ്ഞ് നോക്കേണ്ട പിന്നെ, പത്ത് നൂറാവും, നൂറ് അഞ്ഞൂറാവും"
അവളെന്നും പ്രഭാതങ്ങളില്‍ അവന്‍റെ സന്ദര്‍ശകയായി. അവള്‍ അവനെയും അവന്‍റെ പുറത്തെ തിരണ്ടി പോലുള്ള മാറുകിനെയും ആദരിക്കുകയും പുകഴ്ത്തുകയും ചെയിതുകൊണ്ടിരുന്നു. മറുകിനെയും തന്നെയും സ്നേഹിക്കുന്ന ഒരാളെ ലഭിച്ചതില്‍ അവന്‍ ഏറെ സന്തോഷിച്ചു. അതോര്‍ത്തവന്‍ സദാ സമയവും ചിരിച്ചുകൊണ്ടിരുന്നു. ചില രാത്രികളില്‍ ചിരി നിറുത്തനാവാതെ ഉറക്കമിളച്ചവന്‍ ചിരിച്ചുകൊണ്ടിരുന്നു.
തന്‍റെ പഴയ സ്കൂളിന്‍റെ ഓര്‍മകളുടെ തണലില്‍ സ്കൂള്‍ ഗ്രൌണ്ടിന്‍റെ അരികിലൂടെ കൃഷ്ണകുമാര്‍ നടന്നു. കാറ്റില്‍ മൂളുന്ന ചൂള മരത്തിന്‍റെ ചുവട്ടില്‍ അവന്‍ ഒരുനിമിഷം നിന്നു. അതിന്‍റെ പരുത്ത പ്രതലത്തില്‍ അവന്‍ തലോടി. “വിദേശത്തുനിന്നും ഏതോ സായിപ്പ് കൊണ്ടുവന്നു നട്ട ഈ മരത്തിന് ഒരു നൂറ് വര്‍ഷമെങ്കിലും പ്രായം കാണാനാതിരിക്കില്ല”. അതിന്‍റെ തൊലിയിലെ വിടവിലൂടെ അവന്‍ കണ്ണുകള്‍ അടച്ച് വിരലുകള്‍ ഓടിച്ചുകൊണ്ടിരുന്നു. എല്ലാം മറന്ന് ആ മരവുമായി എന്തക്കെയോ അവന്‍റെ വിരലുകള്‍ സംസാരിക്കുകയായിരുന്നു. അവന്‍ കണ്ണുകള്‍ തുറന്നു... ഒരു ട്രാന്‍സെന്ടന്റ്റല്‍ മെടിറ്റേഷന്‍ കഴിഞ്ഞ പ്രതീതി. ചൂള മരത്തിന്‍റെ പരുക്കനും, മൂര്‍ച്ചയുള്ള അരികുകളും ഉള്ള ഒരു കായ നിലത്തുനിന്നും കൃഷ്ണകുമാര്‍ തന്‍റെ കൈവെള്ളയില്‍ വച്ച് ശക്തമായി അമര്‍ത്തി. അവന്‍റെ കൈവിരലിലും കൈവെള്ളയിലും ചോര പോടിയുന്നതിനു മുന്‍പ് കൈകള്‍ തുറന്നു..
"ഹാ.. ഈ വേദനക്ക് എന്ത് സുഖം"
ആ വേദന അവനെന്നും ഒരു അനുഭൂതിയായിരുന്നു. അവന്‍ യാന്ത്രികമായി രണ്ടു കായകള്‍ നിലത്തു നിന്നും കുനിഞ്ഞെടുത്ത് അവന്‍റെ പാന്‍റ്സി-ന്‍റെ പോക്കറ്റില്‍ നിക്ഷേപിച്ച് മുന്നോട്ടു നടന്നു. പൊട്ടിപ്പൊളിഞ്ഞു കിടന്ന മതില്‍ക്കെട്ടിന്‍റെ മുകളിലൂടെ അവന്‍ ബാലന്‍സ് പിടിച്ചു നടന്നു. പൊടുന്നനെ ഒരു വെട്ടുകല്ല് ഇളകി അവന്‍ ബാലന്‍സ് തെറ്റി താഴെ...
"ഓ ... ആരും കണ്ടില്ല, എന്ത് രസം .... എല്ലാം മറന്ന് ഇങ്ങിനെ നടക്കാന്‍" "
മൈതാനത്തിന്‍റെ പടിഞ്ഞാറെ വശത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഷെഡിന്‍റെ അരികില്‍ നില്ക്കുന്ന വാകമരം അവന്‍ അകലെ നിന്നും നോക്കി.
"ഹായി എന്ത് ഭംഗി!"
ഇലകള്‍ മൂടി പൂക്കള്‍ നിറഞ്ഞ ആ മരം ഒരു ചുവന്ന കുട അവനായി തുറന്ന് വച്ചിരിക്കുന്നതായി അവനു തോന്നി. ദ്രുത ഗതിയില്‍ കൃഷ്ണകുമാര്‍ അതിന്‍റെ ചുവട്ടിലേയ്ക്ക് നടന്നു. കാര്‍മേഘങ്ങള്‍ സൂര്യനെ മറച്ചു വച്ചിരുന്നെങ്കിലും; "നല്ല ഉഷ്ണം, ഇടിവെട്ടിയുള്ള മഴക്കുള്ള പുറപ്പാടാണന്നു തോന്നുന്നു അവന്‍ കഴുത്തിനോട് ചേര്‍ന്നുള്ള ബട്ടന്‍സ് ഊരിയിട്ടു. ചുറ്റുപാടും ഒന്ന് നോക്കി, ആ പഴയ ശീലം പെട്ടന്ന് മാറുകയില്ലല്ലോ? ""
"ചെറിയ ഒരു കാറ്റ് വീശിയിരുന്നെങ്കില്‍"........" അവന്‍ ആശിച്ചു.
താനേറെ സ്നേഹിച്ച ഈ മരവും ഇതിന്‍റെ തണലും... പിന്നെ അതിലേറെ വെറുത്ത ഈ സ്ഥലം. ഒരിക്കലും അവന്‍റെ മനസ്സിനെ മനസ്സിലാക്കത്തതിലുള്ള കുറ്റബോധമാണോ? അവന്‍റെ വേദനിക്കുന്ന ഓര്‍മകള്‍ക്ക് ആശ്വാസം പകരാനെന്നോണം അവന്‍റെ മനസിനെ കുളിര്‍പ്പിച്ചുകൊണ്ട് ആ മരം അവന് മാത്രമായി ചെംചാമരം വീശിക്കൊണ്ടിരുന്നു.
കൃഷ്ണകുമാറിന്‍റെ ഓര്‍മകളിലെ ഏറ്റവും വെറുക്കപ്പെട്ട നിമിഷങ്ങള്‍ക്ക് സാക്ഷിയായി നിന്ന ഈ മരം. തന്‍റെ സങ്കടങ്ങള്‍ കണ്ണീരാവാന്‍ കൊതിച്ച ആ നിമിഷങ്ങള്‍... നൊമ്പരങ്ങള്‍ ചിരിയായി വന്നപ്പോള്‍ ആരും ആ ദുഖം കണ്ടില്ല. ലോകം മുഴുവനും തനിക്കെതിരെ ഒന്നായി.. തനിക്കു സ്വന്തം താന്‍ മാത്രമേ ഉള്ളൂ എന്നറിഞ്ഞ ആ നിമിഷങ്ങള്‍..
പതിനാറു വര്‍ഷങ്ങള്‍ മുമ്പുള്ള സ്പോര്‍ട്സ് ഡേ. അന്നും ഈ മരത്തിന്‍റെ ഇലകള്‍ ചുവന്ന പൂക്കള്‍കൊണ്ട് മൂടിയിരുന്നു. സ്കൂള്‍ ഗ്രൗണ്ടില്‍ ആയിരം മീറ്റര്‍ ഓട്ടം കണ്ടുകൊണ്ടിരുന്ന തന്നെ അര്‍ദ്ധനഗ്നനാക്കി ആള്‍ക്കൂട്ടത്തിലൂടെ ഗ്രൌണ്ടിലേയ്ക്ക് ഓടിച്ചുവിട്ട കിരാതന്മാര്‍, “മറുകന്‍.. മറുകന്‍..” എന്ന ആര്‍പ്പുവിളിക്കിടയില്‍ ഒന്നേ തിരിഞ്ഞു നോക്കിയുള്ളൂ. തനിക്കായി സഹതപിക്കുമെന്നു പ്രതീക്ഷിച്ചവള്‍.... ശാലിനി.... അവളും....., അവളുടെ ആര്‍ത്തു ചിരിക്കുന്ന മുഖം! ഒരു നിമിഷം പൊട്ടിക്കരയാന്‍ കഴിയാതെ ചിരിച്ചുകൊണ്ട്... നഗ്നമായ മറുക് മറക്കാന്‍ ആവാതെ പൂര്‍ണ നഗ്നനെപ്പോലുള്ള ആ ഓട്ടം... നിറുത്താതെയുള്ള ആ ഓട്ടം. എത്ര എത്ര ദേശങ്ങള്‍, മുഖങ്ങള്‍. അവസാനം തന്‍റെ രക്ഷക്കായി,
“എനിക്കായി ദൈവം തുറന്ന വാതില്‍... എന്നെ ഞാനാക്കിയ മുംബായ് നഗരം..” തന്‍റെ കഴിവുകള്‍ അറിയാതെ... തന്നെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത നല്ല മനുഷ്യര്‍ നിറഞ്ഞ നാട്. ചേരിയിലെ ചോരുന്ന ടാര്‍പോളിന്‍റെ കീഴില്‍ തല ചായിക്കാന്‍ ഇടം നല്‍കിയ ഉന്തുവണ്ടിയുമായി രാപ്പകല്‍ അദ്ധ്വാനിച്ചു ജീവിതം തള്ളി നീക്കിയ ബീഹാറി പവന്‍കുമാര്‍, വിശപ്പിനേയും വിധിയേയും തോല്‍പ്പിക്കാന്‍ എന്നും കൂടെ നിന്ന ടാക്സി ഡ്രൈവര്‍ രാംലാല്‍. അങ്ങിനെ കുറെ നല്ല മനുഷ്യര്‍. അവരുടെ ആനന്ദം, തന്‍റെ മറുകിന്‍റെ ഭാഗ്യത്തില്‍ സ്വപ്ന സൗഭാഗ്യങ്ങള്‍ നേടുമ്പോള്‍... ആനന്ദ നിര്‍വൃതിയില്‍ കണ്ടാസ്വദിക്കുമ്പോള്‍.. എല്ലാം മറന്ന് ചിരിച്ച ദിനങ്ങള്‍. അടിവെച്ചടിവച്ചായിരുന്നു പിന്നീട് ഉയരങ്ങളിലേയ്ക്ക് പറന്നുയര്‍ന്നത് പേരും പെരുമയും നാള്‍ക്കുനാള്‍ വര്‍ധിച്ചു. മറുകുള്ള മറുകന്‍ കണ്‍കണ്ട ദൈവമായി മാറി. പാദങ്ങളില്‍ വീണു നമസ്കരിക്കുന്ന കോടീശ്വരന്മാരും സിനിമാ താരങ്ങളും. ബാലറ്റ് പെട്ടിയില്‍ ആദ്യ വോട്ട് തന്‍റെയെന്നുറപ്പിക്കാന്‍ പണക്കിഴികളുമായി വരുന്ന രാഷ്ട്രീയക്കാര്‍. കൈയ്യില്‍ നിന്നും ഒരു രൂപ നാണയത്തൊട്ടു വാങ്ങി കച്ചവടം ആരംഭിക്കാന്‍ കോടികളുടെ പ്രതിഫലം തരുന്ന വജ്ര വ്യാപാരികള്‍. തന്‍റെ കൈകള്‍ സ്പര്‍ശിച്ച നാണയത്തുട്ടുകളില്‍ തുടങ്ങി തഴച്ചു വളര്‍ന്ന എത്ര മള്‍ട്ടി-നാഷണല്‍ കമ്പനികള്‍. ഈ ആസ്തികള്‍ കുമിഞ്ഞു കൂടുമ്പോഴും, ജനങ്ങള്‍ അവനെ അമാനുഷനായി കാണുമ്പഴും അവനറിയാതെ തന്നെ അവന്‍റെ മനസ്സില്‍ ഒരു ശൂന്യതയുടെ കുമിള വളര്‍ന്നുകൊണ്ടിരുന്നു. ഭൂതകാലത്തിന്‍റെ ഓര്‍മകളുടെ കുറ്റബോധം പേറിയ ആ വാകമരം അതിന്‍റെ കമ്പുകള്‍ കാറ്റില്‍ ചായിച്ച് അവനെ തലോടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നിലത്തു കിടന്ന ഒരു വാകപ്പൂമോട്ട് കൈയ്യിലെടുത്ത് അവന്‍ ചരലും മെറ്റില്‍ ചീളുകളും നിറഞ്ഞ പാതയിലൂടെ സ്കൂളിനെ ലക്ഷ്യമാക്കി നടന്നു. സ്കൂളിലേയ്ക്ക് പന്ത്രണ്ടു പടവുകള്‍.. അവന്‍ ഓരോ പടവിലും ഒരു നിമിഷം നിന്നു, ഓര്‍മ്മകളുടെ പുസ്തകത്തില്‍ മറന്നുവച്ച മയില്‍ പീലിക്കായി തേടുന്നതു പോലെ. നാലാമത്തെ പടവില്‍ അവന്‍ അറിയാതെ ഇരുന്നു. സ്കൂള്‍ വിട്ടു വരുമ്പോള്‍ എന്നും അവള്‍ക്കായി കാത്തിരുന്ന ആ പടവില്‍. അവന്‍ അവന്‍റെ കൈയിലെ വാകമൊട്ട് തുറന്ന് അതില്‍ നിന്നും രണ്ട് കേസര നാരുകള്‍ സൂക്ഷിച്ച് അടര്‍ത്തിയെടുത്തു. ഇടതുകൈയ്യില്‍ അവനും വലതുകൈയ്യില്‍ അവന്‍റെ ഹൃദയത്തില്‍ എന്നും സ്നേഹിച്ച് താലോലിച്ചു സൂക്ഷിച്ച അവന്‍റെ ശാലിനിക്ക് നല്‍കാന്‍.
അവന്‍ ആ പടവുകളില്‍ ചാഞ്ഞു കിടന്നു. കൈയ്യില്‍ വാകപ്പൂവിന്‍റെ കേസരങ്ങളും മനസ്സ് നിറയെ അവളുടെ ഓര്‍മകളുമായി. മുകളില്‍ ഉരുണ്ടു കൂടിക്കൊണ്ടിരുന്ന മാനത്തെയ്ക്ക് അവന്‍ നോക്കിയിരുന്നു. ഒരു പറ്റം വെളിരുകള്‍ എവിടെയോ പറന്നെത്താന്‍ തിടുക്കത്തില്‍ പായുന്നുണ്ടായിരുന്നു. ഓരോ നിമിഷവും മേഘങ്ങള്‍ അതിന്‍റെ രൂപങ്ങള്‍ മാറ്റികൊണ്ടിരുന്നു, അവ എന്തോ അവനോട് പറയാന്‍ ശ്രമിക്കുന്നതുപോലെ അവന് തോന്നി. കൃഷ്ണകുമാര്‍ നിര്‍വികാരനായി ആ മേഘങ്ങളേ നോക്കി ചിരിച്ചു കൊണ്ടിരുന്നു. എല്ലാം മറന്നുകൊണ്ട് ചിരിക്കുന്ന അവന്, അങ്ങകലെ അവനായി വിതുമ്പാന്‍ ശ്രമിക്കുന്ന കാര്‍മേഘങ്ങളുടെ ഏങ്ങലടി കേള്‍ക്കാമായിരുന്നു. അടങ്ങാനാവാത്ത ആവേശത്തില്‍ ആ വിതുമ്പല്‍ കണ്ണീരായി അവനെയും അവന്‍റെ മനസ്സിനെയും കുതിര്‍ത്തു പെയ്തുകൊണ്ടിരുന്നു. കണ്ണീരിന്‍റെ ചുവയുള്ള ആ മഴത്തുള്ളികളില്‍ അവനും അവന്‍റെ മറുകും അലിഞ്ഞലിഞ്ഞ് ഇല്ലതായികൊണ്ടിരുന്നു.
different.liked it.
ReplyDelete